പി.ടി തോമസ് MLA അന്തരിച്ചു

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി. ടി. തോമസ്(70) അന്തരിച്ചു. അർബുദരോഗ ബാധിതനായി വെല്ലൂർ സിഎംസിയിൽ  ചികിൽസയിലായിരിക്കെയാണ് അന്ത്യം. കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എംഎല്‍എ, ഇടുക്കിയില്‍ നിന്ന് എംപിയുമായി. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമാണ്

പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയസാമൂഹിക മണ്ഡ‍ലങ്ങളിലും ഉറച്ച നിലപാടിന്‍റെ ഉരുക്കുമുഷ്ടിയായിരുന്നു പി.ടി തോമസ് . കെഎസ്|യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലും തൃക്കാക്കരയില്‍ നിന്ന് രണ്ടു തവണ നിയമസഭയിലുമെത്തി.  ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കാതെ നടപ്പാക്കണമെന്ന നിലപാടിനെതിരെ സഭയും മലയോര കര്‍ഷകസംഘടനകളും സ്വന്തംപാര്‍ട്ടിയും വരെ എതിര്‍നിന്നപ്പോഴും പിന്നോട്ട് പോയില്ലെന്നത് പി.ടിയെ ചരിത്രത്തില്‍ വേറിട്ട് അടയാളപ്പെടുത്തും. 

 എറണാകുളവും ഇടുക്കിയുമായിരുന്നു പിടിയുടെ രാഷ്ട്രീയ ഭൂമികകള്‍. മഹാരാജാസില്‍ പഠിക്കുന്നതിന് ഉപ്പുതുറയില്‍നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ തിരുത്തിയെഴുതപ്പെട്ടത് പിടിയുടെ രാഷ്ട്രീയ ജാതകം കൂടിയായിരുന്നു. എറണാകുളം ലോ കോളജിലെ പഠന കാലത്താണ് അദ്ദേഹം കെഎസ് യു നേതൃത്വത്തിലേക്കെത്തുന്നത്. പിടിയുടെ ജീവിതയാത്രയില്‍ ഉമ സഹധര്‍മിണിയായി ചേര്‍ന്നതിലും കൊച്ചിയുടെയും മഹാരാജാസിന്റെയും പരിഛേദങ്ങളുണ്ട്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്തപ്പോഴും പക്ഷെ പി.ടി പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പ്രയോക്താവായി. 91ല്‍ പി.ജെ.ജോസഫിനെ അട്ടിമറിച്ചാണ് പിടി തോമസ് ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. 96ല്‍ തോറ്റെങ്കിലും 2001ല്‍ പിടി മണ്ഡലം തിരിച്ചു പിടിച്ചു. 2006ല്‍ പിജെ ജോസഫിനോട് തോറ്റു. 2009ല്‍ ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജില്‍നിന്ന് തിരിച്ചുപിടിച്ച പി.ടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ശബ്ദമായി. ഏറ്റവും ഒടുവില്‍ നിലപാടുകളുെട പേരില്‍ തിരസ്കൃതനായി തൃക്കാക്കരയുടെ എംഎല്‍എ ആയപ്പോഴും പി.ടി. പഴയ പി.ടി തന്നെയാണെന്ന് ഒാരോ പ്രതികരണവും തെളിയിച്ചു. തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തില്‍നിന്ന് പാര്‍ട്ടി പുറത്തായപ്പോഴുണ്ടായ തലമുറ മാറ്റത്തിലും പിടി തോമസിന്റെ സ്ഥാനം അടിയുറച്ചതായി.

Post a Comment

Previous Post Next Post