പ്രശസ്ത കോച്ച് ഒ എം നമ്പ്യാർ അന്തരിച്ചു

congress-bjp-2

കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

പി.ടി.ഉഷയുടെ പരിശീലകനായിരുന്ന  ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. ഒന്നര പതിറ്റാണ്ടോളം ഉഷയുടെ പരിശീലകനായിരുന്നു. കോഴിക്കോട് വടകര മണിയൂരിലെ വീട്ടിലാണ് അന്ത്യം. 90 വയസായിരുന്നു. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

 പി.ടി.ഉഷയെ പയ്യോളി എക്സ്പ്രസാക്കിയ പരിശീലകന്‍, ഇന്ത്യ കണ്ട ഏറ്റവും മികച്ച അത് ലറ്റിക്സ് പരിശീലകരില്‍ ഒരാളായ ഒ.എം നമ്പ്യാര്‍ രണ്ടരവര്‍ഷമായി വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മണിയൂരിലെ വീട്ടില്‍ ചികില്‍സയിലായിരുന്നു .

 ഇന്ത്യയുടെ അത് ലറ്റിക്സ് ഇതിഹാസം പി.ടി ഉഷയെ രാജ്യാന്തര താരമാക്കിയതിലൂടെയാണ് പ്രശസ്തനായത്. ജാവലിന്‍ ത്രോയിയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യയ്ക്ക് ആദ്യ ഒളിംപിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്  സ്വര്‍ണം ലഭിച്ച സന്തോഷ വാര്‍ത്ത ഉഷ നമ്പ്യാരെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. 

കോഴിക്കോട് പയ്യോളിയില്‍ 1932ലായിരുന്നു നമ്പ്യാരുടെ  ജനനം. ചെറുപ്പത്തിലെ  കായികരംഗത്തോട് ഇഷ്ടം തോന്നിയ നമ്പ്യാര്‍ നല്ല ഓട്ടക്കാരനായി. വ്യോമസേനയില്‍ ജോലിയിലിരിക്കെ സര്‍വീസസിനായി  മെഡല്‍ നേടി. 1970ലാണ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനാകുന്നത്. കേരള സ്പോര്‍ട്സിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി.വി രാജയാണ് നമ്പ്യാരെ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് കൊണ്ടുവന്നത്. 1976 ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ചുമതലയേറ്റതോടെ പി.ടി ഉഷയുടെ പരിശീലകനായി. രണ്ട് ഒളിംപിക്സിലും , ലോക ചാംപ്യന്‍ഷിപിലും ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് ഗെയിസുകളിലും ഉഷയെ ഉന്നതിയിലെത്തിച്ചു. 32 വര്‍ഷം പരിശീലകനായി തുടര്‍ന്ന നമ്പ്യാര്‍ ഷൈനി വില്‍സന്‍, വന്ദനറാവു, ബീന അഗസ്റ്റിന്‍ തുടങ്ങിയവരേയും മികച്ച അത് ലിറ്റുകളാക്കി. കായിക പരിശീലകര്‍ക്കായി 1985ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദ്രോണാചാര്യ ആവാര്‍ഡ് ആദ്യമായി ലഭിച്ചതും നമ്പ്യാര്‍ക്കു തന്നെ. 2002 ല്‍ കോച്ചിന്റെ വേഷം അഴിച്ചുവച്ച നമ്പ്യാരെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഏതാണെന്നു ഒതയോത്തു മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാരോടു ചോദിച്ചപ്പോള്‍ മറുപടി ദ്രോണാചാര്യ പുരസ്കാരമെന്നോ പത്മശ്രീ ബഹുമതിയെന്നോ ഒന്നുമല്ല; പി.ടി ഉഷ എന്നായിരുന്നു മറുപടി..! ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരത്തിന്റെ പരിശീലകൻ എന്ന നിലയിൽ തന്നെയാണ് നമ്പ്യാർ കായികപ്രേമികളുടെ മനസിൽ ജീവിക്കുന്നതും. 

         
     

Post a Comment

Previous Post Next Post